ചെന്നൈ: ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി അതിവേഗം വികസിക്കുന്നതിന്റെ സൂചനയായി, ത്രീവീലർ വാഹനങ്ങൾക്കുള്ള ഇലക്ട്രിക് മോഡലുകളുടെ വില്പന വിഹിതം ജൂണിൽ 60 ശതമാനത്തിലേറെയായി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ) പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, ജൂൺ മാസത്തെ ത്രീവീലർ വാഹന വില്പനയിൽ 60.2 ശതമാനം ഇലക്ട്രിക് വാഹനങ്ങളാണ്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 55.5 ശതമാനമായിരുന്നു.
ഇരുചക്ര വാഹന വല്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ പങ്ക് 7.3 ശതമാനമായി ഉയർന്നു. മുൻ വർഷം ജൂണിൽ ഇത് ആറു ശതമാനത്തിനും താഴെയായിരുന്നു. കഴിഞ്ഞ വർഷം 2.5 ശതമാനം മാത്രമായിരുന്ന ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളുടെ വിഹിതം 4.4 ശതമാനമായി വർധിച്ചു. ട്രക്കുകളും ബസുകളും ഉൾപ്പെടുന്ന വാണിജ്യ വാഹനങ്ങളിൽ ഇവി വിഹിതം 0.8 ശതമാനത്തിൽ നിന്ന് 1.6 ശതമാനമായി ഇരട്ടിയായി. നിർമാണ ഉപകരണ വിപണിയിൽ പോലും ഇവി കാൽവയ്പ്പ് പതിയുമ്പോൾ, ഈ വിഭാഗത്തിൽ 0.1 ശതമാനം വില്പന വിഹിതം രേഖപ്പെടുത്തി. മുമ്പ് ഇത് പൂജ്യം ആയിരുന്നു.
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മികച്ച പ്രോത്സാഹനവും ആകർഷകമായ സബ്സിഡിയുമാണ് നല്കുന്നത്. സിഎൻജി, എൽപിജി, ഡീസൽ വാഹനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇലക്ട്രിക് ത്രീവീലർ വാഹനങ്ങൾക്ക് പ്രവർത്തനച്ചെലവും പരിപാലനച്ചെലവും വളരെ കുറവാണ് എന്നതും ഉപയോക്താക്കളെ ആകർഷിക്കുന്നു.